April 13, 2012

8:48 AM Posted by jal No comments Posted in
Posted by jal on 8:48 AM with No comments | Categories:
boldsky തറവാട്ടിലെ വിഷു
ചിത്രങ്ങള്‍: രേവതി വേണു.


 വിഷുവിന് തറവാട്ടുമുറ്റത്ത് മെതിക്കാന്‍ കൂട്ടിയിട്ടിരിക്കുന്ന കറ്റകളുടെ ഗന്ധമാണ്. പല സ്ഥലങ്ങളിലായി കൂട്ടിയിട്ടിരിക്കുന്ന കറ്റക്കെട്ടുകള്‍. ഇതില്‍ നിന്ന് ഉതിര്‍ന്ന് വീഴാന്‍ തയ്യാറായി നില്‍ക്കുന്ന നെല്‍മണികള്‍. കറ്റക്കെടുക്കള്‍ക്കിടയിലേക്ക് കയ്യിട്ടാല്‍ ഇളം ചൂടു തോന്നും. കള്ളനും പൊലീസും കളിക്കുമ്പോള്‍ കുട്ടികള്‍ ഒളിച്ചിരിക്കാന്‍ തേടുന്ന ഒരിടം കൂടിയാണിത്.

മെതിക്കുന്ന സ്ത്രീകളുടെ മെയ്‌വഴക്കം നോക്കിയിരിക്കാന്‍ രസമാണ്. കറ്റ മെതിക്കുന്നതും കൂട്ടിയിട്ടിരിക്കുന്ന നെല്ല് പാറ്റുന്നതും പ്രധാന ജോലി. ഇതു കഴിഞ്ഞാല്‍ വലിയ ചെമ്പിലിട്ട് നെല്ലു പുഴുങ്ങും. ഇത് പനമ്പായില്‍ ഉറങ്ങാനിടും. കാക്കയും കോഴിയും കൊത്തിത്തിന്നാതെ നോക്കേണ്ട ചുമതല കുട്ടികള്‍ക്കും.



വിഷുവിന് മുറ്റത്തിന്റെ അതിരില്‍ പൂത്തു നില്‍ക്കുന്ന മുല്ലച്ചെടികള്‍. സന്ധ്യയ്ക്ക് തുളസിത്തറയില്‍ വിളക്കു വയ്ക്കാന്‍ പോകുമ്പോഴേ മൊട്ടുകള്‍ വിടര്‍ന്നു തുടങ്ങിയിരിക്കും. ഇതെറുത്ത് കൃഷ്ണന് മാല ചാര്‍ത്തുമ്പോള്‍ മനസിലെന്തായിരുന്നു, ഒരു കുട്ടയഹങ്കാമുണ്ടായിരുന്നോ? കണ്ണന് എന്റെ മാലയും എന്ന തോന്നല്‍. കണ്ണനോടെന്നും എപ്പോഴും എന്തോ ഒന്ന്, പേരിടാനാവാത്ത ഒരു തോന്നല്‍, ഉണ്ടായിരുന്നു. ഒരു പൂമാല മുടിപ്പിന്നലിലേക്കും പോകും.

സമൃദ്ധമായി കായ്ഫലം തന്നിരുന്ന കശുമാവിന്‍ തോപ്പുണ്ടായിരുന്നു തറവാട്ടില്‍. പഴുത്ത കശുമാങ്ങ താഴെ വീഴും. അല്ലാത്തത് തോട്ടി കൊണ്ടു തല്ലി താഴെയിടും. പാകമായ ഒന്നോ രണ്ടോ കശുവണ്ടി കിട്ടാന്‍ വേണ്ടി ഒരു മുഴുവന്‍ കുലയിലും തല്ലുമ്പോള്‍ പച്ചക്കശുവണ്ടികളും താഴെ വീഴും. മുത്തച്ഛന്‍ കണ്ടാല്‍ ചോദ്യമുണ്ടാകും, 'എന്താ കുട്ടീ കാണിക്കുന്നത്'.



കശുവണ്ടി പുറത്തെ അടുപ്പില്‍ ചുട്ടെടുത്ത് കല്ലില്‍ വച്ചു തല്ലി തോടു കളഞ്ഞ്‌
കഴിക്കുമ്പോള്‍ കിട്ടുന്ന സ്വാദ്. കൂടുതല്‍ കശുവണ്ടികളുണ്ടെങ്കില്‍ പറമ്പിന് തൊട്ട് തട്ടുകടയിട്ടിരിക്കുന്ന 'ചന്നിരു' എന്ന വിളിപ്പേരുള്ള (യഥാര്‍ത്ഥ പേര് ഇപ്പോഴും അറിയില്ല) സ്ത്രീക്ക് കൊടുത്ത് പകരം പല്ലിലൊട്ടുന്ന ചക്കരമിട്ടായി വാങ്ങിക്കാറുണ്ട്. ചിലപ്പോള്‍ കാശും. ഇത് പടക്കം വാങ്ങാന്‍ പോകുന്ന ഏട്ടന്മാര്‍ക്ക് കൊടുക്കും. പടക്കത്തിന് സ്വന്തം 'അധ്വാന'ത്തിന്റെ പങ്ക്‌

തൊഴുത്തില്‍ കെട്ടിയിരിക്കുന്ന അമ്മിണിപ്പശുവിന് ചെമ്പരത്തി ഇല ഇട്ടു കൊടുത്ത് ശ്രദ്ധ തിരിച്ച് പാല്‍ കറക്കാന്‍ ശ്രമിക്കുന്നതും വിഷുക്കാലത്തെ നേരംപോക്കുകളില്‍ ഒന്നായിരുന്നു. തൊടിയിലെ പണിക്കാരി സ്ത്രീകളുടെ മുന്നറിയിപ്പുണ്ടാകും, 'പശു തൊഴിക്കും കുട്ടീ'. ആരു കേള്‍ക്കാന്‍. അകിടിലൊന്ന് പിടിച്ചു വലിച്ച് ഓടും, അപകടമില്ലല്ലോ.



വടക്കേ തൊടിയില്‍ നേരത്തെ തന്നെ കണിക്കൊന്ന പൂത്തു കൊഴിഞ്ഞിരിക്കും. മുറ്റത്തിന്റെ അതിരിലുള്ള കൊന്നയില്‍ നിന്നാണ് വിഷുത്തലേന്ന് പൂവു പറിക്കുക. ഏട്ടന്മാര്‍ പൂ പറിക്കുമ്പോള്‍ അത് താഴെ വീഴാതെ പാവാട നീട്ടിക്കാണിച്ചു പിടിക്കുന്ന 'വലിയ' ഉത്തരവാദിത്വം. നിലത്തു വീണ പൂ ഭഗവാന് വേണ്ടെന്നാണ് വല്യമ്മമാര്‍ പറയാറ്.

വിഷുസമയത്താണ് ചിലപ്പോള്‍ പുതുമഴ വരിക. അതു കഴിഞ്ഞാല്‍ തൊടിയിലേക്ക് ഓടണം. പഴുത്ത മാങ്ങകള്‍ നിലത്തു വീണു കിടപ്പുണ്ടാകും. തൊലിയൊന്നും ചെത്തേണ്ട. കടിച്ചുപറിച്ച് മാങ്ങ ഊറ്റിക്കുടിക്കാം.

വിഷുവിനോട് അനുബന്ധിച്ച് ചക്ക നന്നാക്കലുണ്ടാകും. കൂടെപ്പോയിരിക്കാറുണ്ട്, ചക്കയുടെ ചവിണിയും കുരുവും കളയാനോ ചക്ക മുളഞ്ഞി കയ്യിലാക്കാനോ താല്‍പര്യപ്പെട്ടിട്ടല്ല, പച്ചച്ചക്കയുടെ സ്വാദ് അന്നും ഇന്നും ഇഷ്ടമായതു കൊണ്ട്.

0 comments:

Post a Comment

Note: Only a member of this blog may post a comment.

Kodanadan Sports Live & Highlights 24/7

Bookmark Us

Kodanadan FB Group Kodanadan FB Page Favorites More Stumbleupon Twitter

Search